ഓർത്തു ഞാൻ വെച്ചു ആ കൊച്ചു ഗ്രാമം, നൂറുനിറമുള്ള ഓർമ്മതൻ ശേഖരത്തിൽ.
പുലർമഞ്ഞു പുക പോലെ നിറയുന്ന പുലരിയും,
വിളക്കിന്റെ വെട്ടത്തിലലിയുന്ന സന്ധ്യയും.
അകലെയാ അമ്പലമണികൾ തൻ നാദം,
കേട്ടുണരുമാ പുലരികൾ ഞാൻ കൊതിച്ചു!
‘പുലരിയായ് ' എന്നു വന്നോതുമാ കുയിലിന്റെ
മധുരമാം ശബ്ദമെൻ കാതിലിന്നും.
വയലിലെ ചേറിലും, മഴപെയ്ത മണ്ണിലും,
വെറുതെ നടക്കുവാൻ ഞാൻ കൊതിച്ചു!
പതുക്കെ തുഴഞ്ഞൊന്നു പോകണം
തോണിയിലലകളാൽ നിറഞ്ഞയെൻ തോട്ടിലൂടെ.
അലസമായ് ഒഴുകുമാ കാറ്റിന്റെ
തഴുകലേറ്ററിയാതെ വീണ്ടുമൊന്നുറങ്ങീടണം!
ഒരു നാടൻപാട്ടിന്റെ, ശീലകൾ വന്നെന്നെ
മ്രുദുവായുണർത്തണം അതിനുശേഷം…
കാണുവാൻ കഴിയുമോ ഇന്നുമെൻ ഗ്രാമം,
തിരികെ ഞാനെത്തുമ്പോളെന്റെ നാട്ടിൽ….?
(വരികൾ, ശ്രീ.സാബു.എം.എച്ചിന്റെ ‘ നീഹാരബിന്ദുക്കൾ ‘ എന്ന കവിതാ സമാഹരത്തിൽ നിന്ന്)