ആറ്റുനോറ്റു വളര്‍ത്തിയ മകള്‍ കോളേജില്‍ നിന്നും വരാന്‍ വൈകിയപ്പോള്‍ വഴിയിലിറങ്ങി നിന്ന് അതു വഴി കടന്നുപോയവരോടൊക്കെ 'എന്റെ മകളെ ആ വഴിയെങ്ങാനും കണ്ടോ’ എന്നു ചോദിച്ചു നിന്ന ഒരു അമ്മ ‘മകള്‍ മറ്റൊരാളോടൊപ്പം ഒളിച്ചോടി' എന്ന അറിവില്‍ വഴിയില്‍ കുഴഞ്ഞുവീണ ഒരു സംഭവം ഓര്‍മ്മയിലുണ്ട്. കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇത്. പത്രങ്ങളിലൂടെ അറിയുന്നതിനുമപ്പുറത്ത് ഉള്‍നാടുകളിലും നഗരങ്ങളിലുമൊക്കെ ഇങ്ങനെ ജീവിതത്തിന്റെ വഴിയില്‍ കുഴഞ്ഞുവീഴുന്ന നിരവധി മാതാപിതാക്കളെ നമുക്കു കാണാം. ജീവിതത്തിലെ അദ്ധ്വാനവും സമ്പാദ്യവും എല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനും സുഖസൌകര്യങ്ങള്‍ക്കുമായി ചെലവഴിച്ച് മക്കളില്‍ ഭാവിജീവിതം 'ഇന്‍വെസ്റ്റ്' ചെയ്തിരിക്കുന്ന അണുകുടുംബങ്ങളിലെ മാതാപിതാക്കളാണ് ഇങ്ങനെ കുഴഞ്ഞുവീഴുന്നത്. മക്കളില്‍ നിന്നുള്ള അപ്രതീക്ഷിത പ്രഹരം ഇത്തരം അച്ഛനമ്മമാരെ നരകാഗ്നിയിലേക്കു തള്ളിയിടുന്നു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വന്തം രക്ഷിതാക്കളോട് ഇത്തരമൊരു ക്രൂരത കാണിക്കാനുണ്ടാകുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാകാം? ഏതു തരം അസംതൃപ്തിയാകാം ഇവരെ ഇങ്ങനെ ഒരു പാതകത്തിലേക്കു നയിക്കുന്നത്? പ്രണയത്തിന്റെ അന്ധതയോ, കാമത്തിലേക്കുള്ള കൂപ്പുകുത്തലോ, അതോ 'വളര്‍ത്തുദോഷ'മോ? സ്വന്തമായ ഒരു കുടുംബം തീര്‍ക്കാന്‍ 'സ്വന്തം കുടുംബം' തകര്‍ത്തിറങ്ങിപ്പോകുന്ന മക്കളുടെ ന്യായീകരണങ്ങളെന്തായിരുന്നാലും, ഏതുതരം നാഗരികതയില്‍ ജീവിച്ചാലും, സമൂഹമദ്ധ്യത്തില്‍ ഇത്തരം രക്ഷിതാക്കള്‍ അപമാനിതരാകുന്നു. ഇതൊരു സമൂഹികവശം മാത്രം. ഈ രക്ഷിതാക്കളുടെ ഉള്ളിന്റെ ഉള്ളിലെ മാനുഷികവശം ഇത്തരം മക്കള്‍ ഓര്‍ക്കാറേയില്ല. മക്കള്‍ ജനിച്ചനാള്‍ മുതല്‍ അവരുടെ ആരോഗ്യം, ഭക്ഷണം, ഉറക്കം, വസ്ത്രധാരണം, താമസം, വിദ്യാഭ്യാസം എന്നിവക്കായി സ്വന്തം സമയം, ആരോഗ്യം, സമ്പാദ്യം എല്ലാം നല്‍കി കാത്തിരുന്ന അച്ഛനമ്മമാരെ ഒരു ദിവസം കൊണ്ടു സ്വയം പുച്ഛം തോന്നിപ്പിക്കും വിധം അധ:പതിപ്പിച്ച് ഈ മക്കള്‍ ഏതു സുഖത്തിലേക്കാണ് നടന്നു പോകുന്നത്?സ്വന്തം വീടുകളില്‍ നിന്നും വേണ്ടത്ര സ്‌നേഹവും പരിലാളനയും കിട്ടാത്താവരാണ് സ്‌നേഹത്തിനായി ഇങ്ങനെ മുട്ടിയുഴറുന്നതെന്നും പറയാന്‍ വയ്യ. എല്ലാ വിധ സുഖസൌകര്യങ്ങളും മതിയായ സ്‌നേഹവും പരിഗണനയും നല്‍കിപ്പോന്ന ഒരു യുവാവ് അച്ഛനമ്മമാരുടെ എല്ലാ പ്രതീക്ഷകളേയും തട്ടിമാറ്റി അന്യമതസ്ഥയയ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇറങ്ങിപ്പോയതും അറിയാം. അച്ചനമ്മാരേക്കാള്‍, സ്കൂളിലോ കോളേജിലോ വെച്ചു പരിചയപ്പെടുന്ന ഒരാളില്‍ ഇത്രമാത്രം സ്‌നേഹവും സുരക്ഷിതത്വവും തോന്നിപ്പിക്കുന്നതിന്റെ പിന്നിലെ പ്രേരണയെന്തായിരിക്കാം? തന്റെ സ്വകാര്യജീവിതത്തില്‍ രക്ഷിതാക്കളുടെ മേല്‍ക്കോയ്മയെ അംഗീകരിക്കാന്‍ വൈമനസ്യമുണ്ടാകുന്നതെന്തുകൊണ്ടാണ് ഇങ്ങനെ തനിക്കു മാത്രമായ ഒരു ജീവിതത്തിലേക്കു ഇക്കൂട്ടര്‍ക്കു ഒളിച്ചോടേണ്ടിവരുന്നത്.മക്കളില്‍ ഭാവിയുടെ സുരക്ഷിതത്വം പടുത്തുയര്‍ത്തുന്ന അച്ഛനമ്മമാര്‍ക്കു കിട്ടുന്ന അപ്രതീക്ഷിത പ്രഹരം ഏതു ദിശകളിലൂടെയൊക്കെയായിരിക്കും സഞ്ചരിക്കുക എന്ന് ഈ മക്കള് അറിയുന്നതേ ഇല്ല. സര്‍വ്വനഷ്ടങ്ങള്‍ക്കും മീതേ 'മാനഹാനി' തന്നെയാണ് കേരളസമൂഹത്തില്‍ ഇന്നും രക്ഷിതാക്കള്‍ക്ക് ഇതിലൂടെയുണ്ടാകുന്ന പ്രധാന പ്രശ്നം.ഇതിനു കാരണക്കാരാകുന്ന മക്കള്‍ സ്വജീവിതത്തില്‍ തിരിച്ചറിവിന്റെ ഏതെങ്കിലും ഒരിടവഴിയില്‍ വെച്ച് അവര്‍ ചെയ്തുപോയ പാതകത്തിന്റെ ആഴം തിരിച്ചറിയുമെന്നു തന്നെ വിശ്വസിക്കുന്നു. വളരെയേറെ വിപ്ലവാത്മകതയോടെ ഒളിച്ചോടി വിവാഹം കഴിച്ചു ജീവിച്ചു വന്ന ഒരു ദമ്പതികളുടെ മകള്‍ ഇഷ്ടമുള്ള പുരുഷനോടൊപ്പം ജീവിക്കാനായി ഇറങ്ങിപ്പോയപ്പൊള്‍ പഴയ വിപ്ലവമാതാവ് ആത്മഹത്യക്കു ശ്രമിച്ച ഒരു അനുഭവവും ഉണ്ട്. ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ പണ്ടു 'തകര്‍ന്ന ഒരു അമ്മമനസ്സിന്റെ ആഴം' അനുഭവിക്കാനായി എന്നവര്‍ സാക്ഷ്യപ്പെടുത്തി.ഊട്ടിവളര്‍ത്തി, പഠിപ്പിച്ച്, കാര്യശേഷിയുണ്ടാക്കിയിത്തന്ന സ്വന്തം അച്ഛനമ്മമാരെ ഈ ഒരവസ്ഥയിലേക്കു തള്ളിയിടാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നു ചോദിച്ചപ്പോള്‍ എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്.പ്രണയത്തിന്റെ ആത്യന്തികഭാവം കാമമാണ്. കാമത്തിന്റെ നുരകുത്തലുകൊണ്ടു മാത്രമാണ് ഇങ്ങനെ എല്ലാം മറന്നും ഇറങ്ങിപ്പോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കാമാതുരങ്ങളല്ലാത്ത പ്രണയങ്ങളുണ്ടായിട്ടില്ലേ എന്ന ചോദ്യത്തിനു ‘ഇല്ല’ എന്ന ഒരു കടുത്ത ഉത്തരമാണ് എന്റെ സുഹൃത്തു തന്നത്. പറഞ്ഞതിങ്ങനേയും."പരസ്പരം ഒന്നിക്കാനോ, ഇണ ചേരാനോ കഴിയാതെ പോയിട്ടുള്ളവരുടെ കഥകള്‍ മാത്രമല്ലേ പ്രണയത്തിലെ അനശ്വര കഥകളായി വാഴ്ത്തുന്നുള്ളൂ. വിവാഹിതരായവരുടെ ഇടയിലെ പ്രണയത്തെക്കുറിച്ച് ഏതു അനശ്വരകൃതിയാണുള്ളത്. കാമാതുരമാകുന്ന ഒരു മനസ്സ് പിന്‍വിളികള്‍ കേള്‍ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല. അതില്‍ നിന്നാണ് ഇങ്ങനെയൊരു അവസ്ഥയിലേക്കു ഈ കുട്ടികള്‍ എത്തുന്നതെന്നാണ്."വിവാഹിതരായവരുടെ പ്രണയമല്ലേ താജ്‌മഹലിന്റെ കഥ പറയുന്നതെന്ന എന്റെ മറുചോദ്യത്തിനു "അകാലത്തില്‍ കൊഴിഞ്ഞുപോയ കാമത്തിന്റെ, അഥവാ പൂര്‍ണ്ണമാകാതെ പോയ ഒരു ആര്‍ത്തിയുടെ, ആര്‍ത്തനാദമായിരുന്നു അതെന്നായിരുന്നു" മറുപടി. പ്രണയത്തിന്റെ ആത്യന്തികലക്ഷ്യമെന്നത് വിവാഹത്തില്‍ അവസാനിക്കുന്ന ഒരു ജീവിതം അല്ലെങ്കില്‍ കാമവാസനക്കുള്ള ശമനോപാധി. അതിനപ്പുറം പ്രണയത്തിനു അതിന്റേതെന്നു പറയാവുന്ന ആസ്വാദ്യകരമായ വേറിട്ട ഒരു ഭാവമില്ല. സുഹൃത്ത് തുടര്‍ന്നു. " ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മൃഗങ്ങളെപ്പോലെ മനുഷ്യനുമുണ്ടെന്ന വസ്തുതയെ സാമൂഹ്യബോധത്തിന്റെ പേരില്‍ തളക്കാന്‍ ശ്രമിക്കുന്നിടത്താണ് ഈ 'നരകാഗ്നി' എന്നൊക്കെ പറയേണ്ടി വരുന്നത്. ബോധം കെട്ടു വീഴുകയല്ല, ബോധത്തിലേക്കു തിരിച്ചു വരികയാണു വേണ്ടത് " അദ്ദേഹം പറഞ്ഞു.....
പ്രിയ സുഹൃത്തേ.. ഞാന്‍ ഇപ്പോഴാണ് നിങ്ങളുടെ ഈ post വായിച്ചത്.
ReplyDelete"അകാലത്തില്‍ കൊഴിഞ്ഞുപോയ കാമത്തിന്റെ, അഥവാ പൂര്‍ണ്ണമാകാതെ പോയ ഒരു ആര്‍ത്തിയുടെ, ആര്‍ത്തനാദമായിരുന്നു അതെന്നായിരുന്നു" ഈ വാക്ക് പിന്‍ വലിക്കാന്‍ നിങ്ങളുടെ പ്രയ സുഹൃത്തിനോട് പറയണം.